ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

അമ്പതുകളുടെ അവസാനം വരെ ഭൂമിയെല്ലാം ജന്മിമാരുടേയോ ദേവസ്വങ്ങളുടേയോ അധീനതയിലായിരുന്നു. കൃഷിക്കാര്‍ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി നടത്തിയിരുന്നു. അക്കാലത്തുണ്ടായിരുന്ന നെല്‍കൃഷിയുടെ പ്രാമുഖ്യം ഇപ്പോഴില്ല. ഭൂപരിഷ്കരണത്തിന്റെ ഫലമായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഭൂവുടമകളായി മാറി. കാര്‍ഷികമേഖലയിലുണ്ടായ ഈ മാറ്റം സാമൂഹിക സാമ്പത്തികമേഖലയിലെ ഒട്ടേറെ മുന്നേറ്റങ്ങള്‍ക്കുവഴിയൊരുക്കി. ചവറ, പന്മന, തേവലക്കര ചകിരികൊണ്ട് പിഴയ്ക്കണംഎന്ന പഴമൊഴി അന്വര്‍ത്ഥമാക്കുമാറ് പ്രധാന പരമ്പരാഗതവ്യവസായം കയര്‍വ്യവസായമാണ്. ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള ഒട്ടേറെ പ്രത്യേകതകള്‍ ഈ പ്രദേശത്തിനുണ്ട്. അപൂര്‍വ്വ ധാതുമണല്‍ സമ്പത്തുകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം ലോകവ്യവസായഭൂപടത്തില്‍ സ്ഥാനം നേടിയിരിക്കുന്നു. പരമ്പരാഗത കയര്‍വ്യവസായ മേഖലയും മത്സ്യബന്ധനവും മത്സ്യസംസ്കരണ മേഖലയും ഒട്ടേറെ തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട്. ചവറയുടെ സുപ്രധാനമായ സാമ്പത്തിക മേഖലകളില്‍ ഒന്നാണ് മത്സ്യബന്ധനമേഖല. 20-ം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇവിടെ നിന്നും കയറ്റി അയക്കപ്പെട്ട കയറില്‍ ഷെര്‍ഹാംബര്‍ഗ് എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ മോണോസൈറ്റിന്റെ തരികള്‍ കണ്ടെത്തിയത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ലോഹമണല്‍ വേര്‍തിരിക്കുന്ന വ്യവസായം തുടക്കത്തില്‍ ചെറുകിട വ്യവസായയൂണിറ്റുകളായി ആരംഭിക്കുകയും 1940-കള്‍ ആയപ്പോഴേക്കും പാശ്ചാത്യരുടെ നേതൃത്വത്തില്‍ വലിയ വ്യവസായ ശൃംഖലയായി വളരുകയും ചെയ്തു. പ്രാചീന കാലത്ത് പ്രധാനമായും കാര്‍ഷികവൃത്തി അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്ഘടനയാണ് ഈ പ്രദേശത്തു നിലനിന്നിരുന്നത്. ഉള്‍നാടന്‍ ജലാശയങ്ങളുടെ സാന്നിധ്യം കാര്‍ഷികാനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു. സാഹിത്യസംസ്കാരിക നവോത്ഥാനരംഗങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മഹാന്മാരുടെ ഒരു നീണ്ടനിര ഈ പഞ്ചായത്തിലുണ്ട്. മലയാള വ്യാകരണസാഹിത്യത്തിനും ഭാഷയ്ക്കും അതുല്യസംഭാവന ചെയ്ത പ്രോ: പന്മന രാമചന്ദ്രന്‍ നായര്‍ ഈ നാടിന്റെ സംഭാവനയാണ്.